Wednesday, 16 October 2024

ഒരു ചെറു കഥാകൃത്തിന്റെ പിറവി

 നാലു വരി തികച്ചെഴുതാൻ മടിച്ചിരുന്ന അവനെ കൊണ്ട് നാല് പുറം കുറയാതെ  എഴുതിച്ചത് അവളായിരുന്നു.. 

കവിതകൾ കേൾക്കാൻ കൂടി ക്ഷമയില്ലാതിരുന്ന അവന്റെ എഴുത്തിലെ ഓരോ വരികളിലും നിഴലിച്ചത് അവളോടുള്ള അഗാധമായ പ്രണയത്തെ കുറിച്ചുള്ള ഒരായിരം  കവിതകളായിരുന്നു.. 

പേരെടുത്ത് പറയാതെ തന്നെ അവൻ കോറിയിട്ട വടിവില്ലാത്ത അക്ഷരങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ കാണുന്നത് ; തന്നെ എഴുതാൻ പ്രാപ്തനാക്കിയ അവളുടെ ചിത്രങ്ങൾ ആയിരുന്നു…  

എഴുതുന്ന വരികളിൽ പലയിടത്തും വീണ കണ്ണീരു തുടച്ചതിന്റെ അടയാളമായി മഷി പടർന്നിരുന്നു.. 


അവളുടെ പരിഭവങ്ങൾ മാറ്റാനായി പലപ്പോളും കെട്ടിയ വിഡ്ഢിവേഷത്തിന്റെ ചായം തുടച്ചുമാറ്റാതെ തന്നെ ,  എഴുതുന്ന സമയത്ത് താൻ നല്ല നടനല്ല എഴുത്തുകാരൻ മാത്രം ആവാനെ സാധിക്കൂ എന്ന തിരിച്ചറിവിൽ  ആണ് അയാൾ എഴുതിതുടങ്ങിയത്..   എന്നാലും ഇനിയും വിഡ്ഢി വേഷങ്ങൾ കെട്ടി അവളെ ചിരിപ്പിക്കുവാനും അവളുടെ ഒപ്പം  ജീവിക്കുവാനുള്ള ആർത്തിയും  അവന്റെ എഴുത്തിൽ നിഴലിച്ചു നിന്നു .. 

“കഴിച്ചാ..?? “ എന്നുള്ള അവളുടെ ചോദ്യം പോലും നിന്നിട്ട് മാസങ്ങൾ ആയി..  

“സുഖല്ലേ..?” എന്ന ചോദ്യത്തിന് മറുവശത്ത് പിച്ചയായി നല്കുന്ന ഒരു മൂളൽ എങ്കിലും മറുപടിയായി ഉണ്ടാവും എന്ന പ്രതീക്ഷയിൽ ഒരു വശം മാത്രം ഒതുങ്ങി നിൽക്കുന്ന മെസേജുകൾ പ്രതീക്ഷയോടെ അയച്ചു കൊണ്ടിരുന്നു .. 

താൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാതെ സാധ്യമായ എല്ലാ ക്ഷമാപണങ്ങളും അയയ്ക്കാൻ ഉള്ള ചിന്തകളായിരിക്കാം ഒരു പക്ഷേ അയാൾക്ക് ഭാവനയായി മുളപൊട്ടി കടലാസും പേനയും എടുക്കാൻ പ്രേരിപ്പിച്ചത് .. 


യാത്രകളെ അങ്ങനെ കാര്യമായി പ്രണയിച്ചിട്ടില്ലാത്ത അയാൾ തന്റെ പ്രണയത്തിനായി ഒരുപാട് യാത്രകൾ നടത്തി .. മുൻകൂട്ടി പറയാതെ നടത്തിയ ആ യാത്രകളിലെ ദുരിശങ്ങൾ മാറുന്നത് , തന്നെ പ്രതീക്ഷിക്കാതെ കാണുമ്പോൾ ഉണ്ടാവുന്ന അവളുടെ അമ്പരന്ന് നിൽക്കുന്ന മുഖവും ഓടിവന്ന് ചെയ്യുന്ന സ്നേഹ പ്രകടനവും ആയിരുന്നു… പിശാശ് മനുഷ്യാ എന്ന വിളിയും ഒരു നുള്ളും അയാളെ കോരിത്തരിപ്പിക്കുന്നതിനും അപ്പുറത്തുള്ള ഒരു അനുഭൂതി ആയിരുന്നു. അല്ലേലും കുന്നും മലയും ഒന്നും കയറാൻ അയാൾ ആഗ്രഹിച്ചിട്ടില്ല . അവൾ പറഞ്ഞു തന്ന കഥകളിലെ ഗന്ധർവ്വനും യക്ഷിയും കുടിയിരിക്കുന്ന മരങ്ങൾ ഉള്ള കാവിൽ പോയി ആ പാലയും പനിനീർ ചെമ്പകവും ഓക്കെ കാണണം അതും അവളുടെ കയ്യ് പിടിച്ച്. ദൈവത്തെ തൊഴാത്ത തനിക്കും കൂടി വേണ്ടിയിട്ട് അവൾ പ്രാർത്ഥിക്കുന്നത് കണ്ണിമ വെട്ടാതെ നോക്കി നിൽക്കണം .. ഇനി അതിന് പറ്റില്ലല്ലോ .. താൻ  എഴുത്തുകാരൻ ആയിപ്പോയില്ലേ. സാധാരണ ജീവിതത്തിലേക്ക് ഒരു മടക്കം ഇല്ലാ..


അന്തസ്സായി പണിയെടുത്തു എല്ലാവരെയും അസൂയക്കാരാക്കുന്ന ഒരു വളർച്ച തന്നിൽ പ്രതീക്ഷിച്ചിരുന്ന തന്നെ സ്നേഹിച്ചിരുന്നവർക്ക്

താൻ എഴുത്തുക്കാരനായി മാറിയത് സഹിക്കാൻ പറ്റില്ല എന്ന  തോന്നലിൽ ഒരായിരം മാപ്പപേക്ഷ മനസ്സിൽ ഉരുവിട്ടു കൊണ്ടാണ് അയാൾ അത് എഴുതിത്തീർത്തത്..


എഴുതുമ്പോൾ ഉള്ള തന്റെ ഏങ്ങലുകളും നിശ്വാസങ്ങളും തന്റെ വീടിന്റെ ഒരു മുറിയിൽ വർഷങ്ങളോളം കനത്തിൽ കെട്ടിനിൽക്കും എന്ന തിരിച്ചറിവാണ് അയാളെ കാതങ്ങൾ അകലെ ഒരു ചെറിയ മുറിയെടുത്തു എഴുതാൻ പ്രേരിപ്പിച്ചത്..  


എഴുതീയത്  പുറത്തിറക്കാൻ ഉള്ള ഒരു നല്ല നാളിനായി അയാൾ തിരയുകയായിരുന്നു … കൃത്യം രണ്ട്  മാസങ്ങൾ കഴിഞ്ഞാൽ തന്റെ പിറന്നാൾ ആണ് .. അത് വേണ്ട .. രണ്ട് ആഘോഷങ്ങൾ ഒരുമിച്ച് വേണ്ടാ .. ഇന്നാണ് പറ്റിയ ദിവസം .. രണ്ട് മൂന്ന് നാളു കഴിഞ്ഞു ഇത് ആരെങ്കിലും  ഏറ്റെടുത്തു കൊള്ളും .. എഴുതാനല്ലേ പാട് .. ബാക്കി മറ്റുള്ളവരുടെ കയ്യിലല്ലേ…  നെറ്റി വിയർക്കുന്നു.. ശരിയാണ്.. 

ആദ്യം മുതലേ എഴുതുമ്പോൾ വിയർക്കുന്നുണ്ടായിരുന്നു .. കാരണം  മുറിയിലെ കനത്ത അന്തരീക്ഷത്തെ ഫാനിന്റെ കാറ്റ് തണുപ്പിക്കാൻ കഴിയരുത് എന്ന് അയാൾക്ക് നിർബന്ധമായിരുന്നു…  മുറിയിലെ  ഒരു കോണിൽ തറയിൽ വിശ്രമം കിട്ടിയെങ്കിലും ഇയാളുടെ എഴുത്തിൽ ഞാൻ എന്ത് പിഴച്ചു എന്ന് സീലിംഗ് ഫാൻ ചിന്തിക്കുന്നുണ്ടായിരുന്നു.. 


അക്ഷരങ്ങളും   കടലാസും ഒക്കെ വല്ലാതെ മങ്ങി വരുന്നു.. കണ്ണിൽ നിറഞ്ഞ ഉപ്പുവെള്ളം തേകി പുറം കയ്യ് വല്ലാതെ കുതിർന്നു.മഹാ കാവ്യം എഴുതാനല്ലല്ലോ വന്നത്.. ചെറു കഥ ആയില്ലേ ഇത്രയും .. ഇത് മതി …  

വിയർത്തു നാശമായി … മാറാൻ വേറെ തുണി എടുത്തിട്ടില്ല .. 

വിഷുവിന് കിട്ടിയ ഒരു മുണ്ടുണ്ട്..  അത് എനിക്ക് വേണം .. അവളുടെ അച്ഛൻ സമ്മാനിച്ചതാണ്.. അഴുക്കാക്കാൻ മനസ്സ് വരുന്നില്ല  അതാണ് സത്യം .. ഒരു പ്രതികാരം  എന്ന നിലയിൽ എന്തായാലും അഴുക്ക് പറ്റിക്കണം. എഴുതി നിർത്താം .. ബാക്കി കാര്യങ്ങൾ നോക്കണം .. 

മികച്ച കഥാകൃത്തായി മാറിയ അയാൾ  പിന്നെ ഭൂമിയിലും ആകാശത്തിലും ഒന്നുമല്ല നിന്നിരുന്നത് .. അടുത്ത നാൾ  തന്നെ കാണുവാൻ ഒരു കൂട്ടം ആളുകൾ അക്ഷമരായി കാത്തു നിൽക്കുന്നതിനിടയിലൂടെ  പോലീസ് സംരക്ഷണത്തോടെ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്ക് നടുവിൽ അയാൾ പുറത്തേക്ക് വന്നു ..  തടിച്ചു കൂടിയ മാധ്യമ പ്രവർത്തകരോട് തന്റെ സംരക്ഷണത്തിന് വന്ന ഒരു പൊലീസുകാരൻ  താൻ ആദ്യമായി ഏഴുതിയ മഹാകാവ്യം കാണിച്ചത് പറയുന്നത്  കേട്ടു.. ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിട്ടാണ് തൂങ്ങിയത് .. മൂന്ന് നാല് പേജുണ്ട്.. കൂടുതലും അക്ഷരങ്ങൾ മഷി  പടർന്നിരിക്കുവാണ്.. വിശദമായി  പരിശോധിച്ചിട്ട് മാത്രമേ  എന്തേലും പറയാൻ പറ്റൂ. തിരികെ പ്രേതത്തിന്റെ ചേതനയറ്റ മുഖത്തേക്ക് നോക്കി അയാൾ മന്ത്രിച്ചു .. നല്ല എഴുത്തായിരുന്നല്ലോ ഡോ.. താൻ തിരഞ്ഞെടുത്ത കടലാസ് തെറ്റായിപ്പോയി.. 

                                  - ഇച്ചായുടെ എഴുത്തുകൾ